top of page
Search
  • Writer's pictureN S ANIL KUMAR

ആദ്യം കുടുംബത്തിൽ ലീഡർ ആകുക... പിന്നെ നാട്ടിൽ....


അവസരങ്ങളും അംഗീകാരങ്ങളും മനുഷ്യനെ വ്യത്യസ്തനാക്കുന്നു.

അതുപോലെതന്നെ സമ്പത്തും അധികാരങ്ങളും മനുഷ്യന് മനക്കരുത്തും ശക്തിയും പ്രദാനം ചെയ്യുന്നു.


സാധാരണക്കാരനായ ഒരാളുടെ കയ്യിൽ അളവറ്റ ധനം വന്നുചേരുമ്പോൾ

ഒപ്പം ബുദ്ധിയും ശക്‌തിയും കഴിവും സാമർഥ്യവും

പുത്തൻ ആശയങ്ങളുമെല്ലാം യാന്ത്രികമായി വന്നുചേരുന്നത് കാണാൻ കഴിയും.


അതുപോലെതന്നെ സാധാരണക്കാരനായ ഒരാൾക്ക്

ഉയർന്ന പദവിയിലുള്ള സ്ഥാനങ്ങൾ ലഭിച്ചുകഴിഞ്ഞാൽ,

ക്രമേണ ആ വ്യക്‌തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാഴ്ചപ്പാടിലും കർമ്മങ്ങളിലുമെല്ലാം

ആ മേധാവിത്വം നിഴലിച്ചുകാണാൻ കഴിയും.


ഉദാഹരണത്തിന് രാഷ്ട്രീയ നേതാക്കളെ ശ്രദ്ധിച്ചാൽ അറിയാം.

സ്ഥാനമാനങ്ങൾ ലഭിച്ചു കഴിഞ്ഞാൽ അവരുടെ

നില്പിലും നടപ്പിലും വാക്കുകളിലുമെല്ലാം ആ പവർ തിരിച്ചറിയാൻ കഴിയും.

ക്രമേണ ആ സ്വഭാവങ്ങൾ അയാളുടെ

രൂപത്തെവരെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

തേനീച്ചകളെക്കുറിച്ചുള്ള ഒരു പഠനമുണ്ട്.

തേനീച്ചകൾക്ക് ഒരു റാണി ഉണ്ടാകുമല്ലോ.

ആ റാണി എവിടെയുണ്ടോ അവിടെ, മറ്റുള്ള മുഴുവൻ തേനിച്ചകളും ഉണ്ടാവും.

ആ റാണി ഈച്ച ചത്ത് കഴിഞ്ഞാൽ, അതിന്റെ പരിചാരികയായി ഒപ്പമുള്ള ഈച്ച, റാണിയിരുന്ന ആ അറയിൽ കയറി ഇരിക്കും.

കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ,

ആ തേനീച്ചയിൽ ചില വ്യത്യാസങ്ങൾ വന്നു തുടങ്ങും.

ശരീരം തടിച്ച് കൊഴുക്കും,

അതിന്റെ ചിറകുകൾ വലുതാകും,

അതിന്റെ രൂപത്തിലും നിറത്തിലും ഭാവത്തിലുംവരെ ഗണ്യമായ ഒരു മാറ്റമുണ്ടാകുന്നു.

ക്രമേണ അത് ഒരു റാണി ഈച്ചയുടെ എല്ലാ സ്വഭാവവും കാണിച്ചു തുടങ്ങുന്നു.


അതായത്, ഉത്തരവാദിത്വങ്ങൾ വ്യക്തിത്വത്തെ വലിയൊരളവിൽ സ്വാധീനിക്കുന്നു.

അതുകൊണ്ടുതന്നെ ഒരാളുടെ വ്യക്തിത്വം ഉയർത്തുവാൻ ഏറ്റവും എളുപ്പ മാർഗ്ഗം,

കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുകൊടുക്കുക എന്നതാണ്.

കുടുംബത്തിലെ ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ നാം കുട്ടികളെക്കൊണ്ട് ചെയ്യിച്ചു ശീലിച്ചു നോക്കിയേ,

ക്രമേണ അവരിൽ കൂടുതൽ പക്വത കൈവരുന്നതായി കാണാം.

ബാങ്കിൽ പണം അടയാക്കുവാൻ,

ചിട്ടിയുടെ തവണകൾ അടക്കുവാൻ,

ബില്ലുകൾ അടക്കുവാൻ,

തുടങ്ങിയവ അത് അടയ്‌ക്കേണ്ട തീയതിക്ക് തന്നെ കൃത്യമായി അടക്കുവാൻ

പണം ഏൽപ്പിച്ച് കൊടുക്കുകയാണെങ്കിൽ

കുട്ടികൾക്ക് ഉത്തരവാദിത്വങ്ങൾ കൂടുമെന്നു മാത്രമല്ല,

സാമ്പത്തിക കാര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യേണ്ടതെന്നും ക്രമേണ അവർ മനസ്സിലാക്കും.


അതുപോലെ തന്നെയാണ് ലീഡർഷിപ്പ് ആവശ്യമുള്ള എല്ലാ മേഖലകളും...

കൂട്ടായ്മകളിലും സംഘടനകളിലുമെല്ലാം

മറ്റുള്ളവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊടുക്കുന്നവരാണ്

വലിയ നേതൃനിരയിലേയ്ക്ക് ഉയരുന്നത്.

കുടുംബത്തിലും ഇത് പ്രാബല്യത്തിൽ വരുത്താൻ നമുക്ക് കഴിയണം.

ഒരാളുടെ അഭാവത്തിൽ പോലും കുടുംബത്തിലെ കാര്യങ്ങൾ

അതേപടി മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് മറ്റുള്ളവർക്ക് ഉണ്ടാക്കിക്കൊടുക്കുന്നയാളാണ് യഥാർത്ഥ കുടുംബ നാഥൻ.


ഭാര്യയെയും മക്കളെയും സ്വന്തം കാലിൽ നിൽക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കുവാനും

കാര്യങ്ങൾ സ്വന്തമായി നയിക്കുവാനും,

സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചയ്യാനുള്ള പ്രാപ്തി

നേടിക്കൊടുക്കുവാനും കുടുംബ നാഥന് കഴിയുമ്പോഴാണ്,

അദ്ദേഹം കുടുംബത്തിൽ ലീഡർ ആകുന്നത്.

ആദ്യം നാലുപേരുള്ള ചെറിയ കുടുംബത്തിലെ ലീഡർ ആകുക,

ശേഷം നാല്പതുപേരുള്ള കൂട്ടായ്മയിലെ ലീഡർ ആകുക, അതാണ് ശരിയായ രീതി.


"ആദ്യം കുടുംബത്തിൽ... പിന്നെ നാട്ടിൽ" ഇതായിരിക്കട്ടെ ക്രമം.


മറ്റുള്ളവരെ അംഗീകരിക്കുക...

മറ്റുള്ളവർക്ക് അവസരങ്ങൾ നൽകുക...

മറ്റുള്ളവരെ നേതൃനിരയിലേക്ക് ഉയർത്തുക...


നന്ദി.

എൻ എസ് അനിൽകുമാർ


bottom of page