top of page
Search
  • Writer's pictureN S ANIL KUMAR

മനം കൊണ്ടും ധനം കൊണ്ടും സമ്പന്നനാകുക


“Great minds discuss Ideas, Average minds discuss Events and

poor mind discuss People” മഹത്തായ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു.

ശരാശരി മനസ്സുകൾ സംഭവങ്ങൾ ചർച്ച ചെയ്യുന്നു.

ചെറിയ മനസ്സുകൾ ആളുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു.

മഹാനായ റൂസ്‌വെൽറ്റിന്റെ വാക്കുകളാണ്.


നാം ഒന്ന് ചിന്തിച്ചു നോക്കിയേ ബഹുഭൂരിപക്ഷം ആളുകളും സംസാരിക്കുന്നത്

ഒന്നുകിൽ മറ്റുള്ളവരുടെ കുറ്റവും കുറവുമായിരിക്കും.

അല്ലെങ്കിൽ

ഓരോരോ സംഭവങ്ങളെക്കുറിച്ചായിരിക്കും.

അതിൽത്തന്നെ ബഹുഭൂരിപക്ഷംപേരും ചർച്ചചെയ്യുന്നത്,

നെഗറ്റീവ് ആയ സംഭവങ്ങളെക്കുറിച്ചോ,

മറ്റുള്ളവരുടെ കുറവുകളെക്കുറിച്ചോ ആയിരിക്കും.


ഈ ചർച്ചകൊണ്ട് ആർക്കെങ്കിലും ഒരു പ്രയോജനമുണ്ടോ?

ഇല്ലായെന്ന് മാത്രമല്ല,

അത് പറയുന്ന ആളിന് തന്നെ വളരെയേറെ നെഗറ്റീവ് ആണെന്ന് പാവങ്ങൾ അറിയുന്നുമില്ല.


1990 ൽ ജാപ്പനീസ് ശാസ്ത്രജ്ഞനും തത്വചിന്തകനും എഴുത്തുകാരനും ബിസിനസുകാരനുമായ മജാരോ ഇമോട്ടോ (Mazaro Emoto) നടത്തിയ പരീക്ഷണങ്ങൾ വളരെ കൗതുകകരമാണ്.


അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ഇങ്ങനെ ആയിരുന്നു;

അദ്ദേഹം രണ്ടു ഗ്ലാസ് ജാറുകളിൽ വെള്ളമെടുക്കുന്നു.

ഒന്നാമത്തെ ജാറിന്റെ പുറത്ത് വളരെ സ്നേഹോദ്ദീപകങ്ങളായ വാക്കുകൾ എഴുതി ഒട്ടിച്ചു വച്ചു.

നീ വിജയിയാണ്,

നിന്നെക്കൊണ്ട് എല്ലാം ചെയ്യാൻ കഴിയും,

നീ മഹാനാണ്,

നീ ശക്തനാണ്,

നീ മിടുക്കനാണ്,

നീ അജയ്യനാണ്,

നീ സഹാനുഭൂതി ഉള്ളവനാണ്,

നീ പരോപകാരിയാണ്....

തുടങ്ങിയ പോസിറ്റീവ് ആയ വാക്യങ്ങൾ....


രണ്ടാമത്തെ ജാറിന്റെ പുറത്ത്;

ഞാൻ നിന്നെ വെറുക്കുന്നു,

ഇതൊരു ശാപം കിട്ടിയ ജന്മമാണ്,

നിന്നെ ഒന്നിനും കൊള്ളില്ല,

നീ ഒരിക്കലും നന്നാവില്ല,

നിന്നെ കണികാണാൻ കൊള്ളില്ല,

നിനക്ക് നിറമില്ല,

നീ കുഴി മടിയനാണ്,

നീ പൊതുപോലെ വളർന്നു,

നിന്നെക്കൊണ്ട് ഒന്നിലും വിജയിക്കാനാവില്ല,

നിന്നെക്കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല....

തുടങ്ങിയ വളരെ മോശമായ വാചകങ്ങൾ എഴുതി ഒട്ടിച്ചു വച്ചു.


വെള്ളം നിറഞ്ഞിരിക്കുന്ന ആ ജാറുകളെ നോക്കി അതിൽ എഴുതി വച്ചിട്ടുള്ള വാക്യങ്ങൾ പലതവണ ഉച്ചത്തിൽ വായിക്കുന്നു.

അതിനുശേഷം നടന്ന കാര്യമാണ് ശാസ്ത്രലോകത്തെത്തന്നെ ഞെട്ടിച്ചത്,

ആ രണ്ടു ജാറുകളും ഒരു ഫ്രീസറിൽ വച്ച് തണുപ്പിക്കുന്നു.

അതിനുശേഷം ആ തണുത്തുറഞ്ഞ വെള്ളത്തെ,

വളരെ സെൻസിറ്റീവ് ആയ ക്യാമറയിലൂടെ നിരീക്ഷിച്ചപ്പോൾ കാണാൻ കഴിഞ്ഞത്,


പോസിറ്റീവ് ആയ സന്ദേശങ്ങൾ എഴുതി നിറച്ച ജാറിലെ വെള്ളം തണുത്തുറഞ്ഞപ്പോൾ,

മനോഹരമായ പൂക്കളുടെ രൂപത്തിലുള്ള മഞ്ഞു ക്രിസ്റ്റലുകളായി രൂപാന്തരം പ്രാപിച്ചിരുന്നു.


അതുപോലെ മോശമായ വാചകങ്ങൾ എഴുതി ഓടിച്ചിരുന്ന ജാറിലെ വെള്ളം തണുത്തപ്പോൾ

അത് വിരൂപമായി വികൃതമായി കാണപ്പെട്ടു.

പിന്നീട് ഇത് ഒരുപാട് പുതിയ ചിന്തകൾക്കും പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും കാരണമായിട്ടുണ്ട്.


നമ്മുടെ ശബ്ദതരംഗങ്ങൾ,

വായുവിലൂടെ സഞ്ചരിക്കുന്നതിന്റെ നാലുമടങ്ങ് വേഗത്തിലാണ്,

വെള്ളത്തിലൂടെ സഞ്ചരിക്കുന്നതെന്ന് നാം പഠിച്ചിട്ടുണ്ട്.

നമ്മുടെ ശരീരത്തിൽ എഴുപത് മുതൽ എൺപത് ശതമാനംവരെ ജലമാണെന്ന് നമുക്കറിയാം.

അപ്പോൾ നാം പറയുന്ന ഓരോ വാക്കും ചെവിയിലൂടെ കേട്ട്

ശബ്ദമായി ശരീരത്തിലേയ്ക്ക് നാലുമടങ്ങ് വേഗതയിൽ പ്രവേശിക്കുകയും

എഴുപത് മുതൽ എൺപത് ശതമാനം വരുന്ന ജലകണങ്ങളിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു.

അങ്ങിനെ ഒരു നെഗറ്റീവ് സംസാരങ്ങൾ നമ്മുടെ രക്തത്തെ മലീമസമാക്കുകയും,

രക്തത്തിൽ മാലിന്യങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.

ആ ദുഷിച്ച രക്തം നിരവധി രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.


നാം മറ്റുള്ളവരെക്കുറിച്ച് ദുഷിച്ചുപറയുമ്പോൾ ഏറ്റവും കൂടുതൽ ദോഷമുണ്ടാകുന്നത് ആർക്കാണെന്ന് മനസ്സിലായിക്കാണുമല്ലോ?

അതുകൊണ്ടാ പറയുന്നത്;

"പരദൂഷണം പറയുന്നവർക്ക് ആയുസ്സ് കുറയും "

പരദൂഷണം നിങ്ങൾ പറഞ്ഞാൽ മാത്രമല്ല,

മറ്റൊരാൾ പറയുന്നത് കേൾക്കുന്നതും ഒരേ ഫലം തന്നെയാണ് എന്നോർക്കുക.


പുക വലിക്കുന്നവനെക്കാൾ കൂടുതൽ ദോഷങ്ങളും ശ്വാസകോശരോഗങ്ങളും ഉണ്ടാകുന്നത്

അയാളുമായി സഹകരിക്കുന്നവർക്കാണെന്ന് അറിയാമല്ലോ.

പുകവലിക്കുന്നവരുള്ള കുടുംബത്തിലെ സ്ത്രീകൾ ആസ്ത്മ രോഗികൾ ആകാൻ പ്രധാന കാരണം ഇതാണ്.


തുടക്കത്തിൽ പറഞ്ഞ വാചകം ഒന്നുകൂടി വായിക്കാം;

"മഹത്തായ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു.

ശരാശരി മനസ്സുകൾ സംഭവങ്ങൾ ചർച്ച ചെയ്യുന്നു.

ചെറിയ മനസ്സുകൾ ആളുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു."


മഹാന്മാരുടെ മനസ്സുള്ളവർ,

ഭാവിയിൽ ചെയ്യേണ്ടതായ ആശയങ്ങളെക്കുറിച്ചു മാത്രമേ ചർച്ച ചെയ്യാറുള്ളൂ.

സാധാരക്കാർ നാട്ടിൽ നടക്കുന്ന ഓരോരോ സംഭവങ്ങളെക്കുറിച്ചാവും കൂടുതൽ ചർച്ചചെയ്യുക,

ശരാശരിക്കും താഴെയുള്ളവർ അഥവാ ദരിദ്രന്മാർ

മറ്റുള്ളവരെക്കുറിച്ചാവും എപ്പോഴും ചർച്ച ചെയ്യുക...


ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ അപ്സെറ്റ് ആകുന്നത് മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴാണ്.

വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കുക.

നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ നിങ്ങൾ മൂഡൗട്ട് ആകാൻ തുടങ്ങുന്നതായി കാണാം.

ക്രമേണ തല മരവിക്കുന്നതായും,

ഒടുവിൽ തലവേദനയായും മാറുന്നുവെങ്കിൽ മനസിലാക്കുക,

നാം നേരത്തെ പറഞ്ഞ നെഗറ്റിവ് എനർജി ശരീരത്തിൽ ശക്തമായി വ്യാപിച്ചു കഴിഞ്ഞുവെന്നാണ്.


എന്തിനാ നാം പരദൂഷണം പറഞ്ഞും കേട്ടും സ്വയം ദരിദ്രനായി മാറുന്നത് ?

എന്തിനാ സ്വയം രോഗിയായി മാറുന്നത്?


ഇന്ന് തന്നെ സ്വയം ഒരു തീരുമാനമെടുക്കുക,

ഞാനിനി മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കില്ല,

പകരം എന്റെ ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള, മറ്റുള്ളവർക്ക് നന്മയുണ്ടാകുന്ന,

നല്ല ആശയങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ധനിക മനസ്സുള്ളവനാകും.


സുഹൃത്തെ,

സ്വയം വിലയിരുത്തുക,

ഒരു ദിവസം എത്ര തവണ നാം ദരിദ്രന്മാരായി മാറുന്നു.

എത്ര തവണ നാം സാധാരണക്കാരനായി മാറുന്നു.

എത്ര തവണ നാം സമ്പന്നനായി മാറുന്നു.


മറ്റുള്ളവരെക്കുറിച്ചുള്ള ചർച്ച തുടങ്ങുമ്പോൾ വിചാരിക്കുക,

നിങ്ങൾ ദരിദ്രനാകാൻ തുടങ്ങുകയാണ്.

ആ സംസാരം അവിടെ അവസാനിപ്പിക്കുക...

നല്ലകാര്യങ്ങളിലേയ്ക്ക് ബോധപൂർവ്വം ശ്രദ്ധ മാറ്റുക.

ഇത് നിരന്തരം പ്രാക്ടീസ് ചെയ്യുക.

ആരോഗ്യവും സന്തോഷവും സമാധാനവും ജീവിതത്തിൽ വന്നു നിറയുന്നത് കാണാൻ കഴിയും.


"ആദ്യം മനം കൊണ്ട് സമ്പന്നനാകുക,

പിന്നെ ധനം കൊണ്ട് സമ്പന്നനാകുക..."


നന്ദി...

എൻ എസ് അനിൽകുമാർ

bottom of page